അജ്ഞാത വന്യമൃഗം കോഴികളെ കൊന്നു. സുൽത്താൻ ബത്തേരി
ആർമാട് മുതലക്കാട്ട്പറമ്പിൽ ജയരാജന്റെ 15 കോഴികളെയാണ് കൊന്നത്. 7 എണ്ണത്തിനെ കാണാനില്ല. കോഴികളെ പിടികൂടി കൊന്നത് പുളളിപുലിയെന്ന് സംശയിക്കുന്നതായി വനം വകുപ്പ്.
ഇന്നലെ രാത്രിയാണ് സംഭവം. വീടിനടിയിലായാണ് ഇരുമ്പ് നെറ്റ് വച്ച് തീർത്ത കോഴിക്കൂട് ഉള്ളത്. നെറ്റ് തകർത്താണ് കോഴികളെ അജ്ഞാത വന്യമൃഗം പിടികൂടി കൊന്നത്. രാവിലെ തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് കോഴികൾ ചത്തു കിടക്കുന്നത് ജയരാജൻ കണ്ടത്. 9 ടർക്കി ,2 ഗിനിക്കോഴി, 4 നാടൻ കോഴികളടക്കം 15 കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. ഇതിൽ 8 എണ്ണത്തിന്റെ ജഡം മാത്രമാണ് കൂട്ടിൽ അവശേഷിച്ചത് . ഏഴെണ്ണത്തിനെ വന്യമൃഗം കൊണ്ടുപോകുകയും ചെയ്തു. കോഴികളെ വന്യമൃഗം കൊന്നതിലൂടെ വലിയ നഷ്ടം സംഭവിച്ചതായി ജയരാജൻ പറഞ്ഞു.
സംഭവം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്ന് കോഴികളെ കൊന്നത് പുളളിപുലിയാണെന്ന് സംശയിക്കുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം ക്യാമറ വെച്ച് നിരീക്ഷണം നടത്തി ആവശ്യമായ നടപടികൾ കൈകൊണ്ട് ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to comment!